Sunday, August 19, 2012

ബ്ലസിയുടെ ‘കളിമണ്ണ്’ തുടങ്ങി:


ജീവിച്ച് അഭിനയിക്കുക എന്ന കാര്യം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ് ബ്ലസിയുടെ പുതിയ ചിത്രമായ ‘കളിമണ്ണ്’നുവേണ്ടി ശ്വത. ലോകത്തില്‍ ഇന്നുവരെ ഒരു നടിയും ഏറ്റെടുക്കാത്ത റോളാണ് സംസ്ഥാന അവാര്‍ഡ് ജേതാവായ ശ്വേതാമേനോന്‍ ബ്ലസിയുടെ പുതിയ സിനിമയ്ക്കായി ഏറ്റെടുത്തിരിക്കുന്നത്.വേറിട്ട ഒരു വഴിയിലൂടെയാണ് നടി ശ്വേതാ മേനോന്റെ യാത്ര, തന്റെ ഗര്‍ഭകാലം മാത്രമല്ല, പ്രസവവും ചിത്രീകരണത്തിനായി വിട്ടുകൊടുത്തുകൊണ്ട് മറ്റേതൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാവുകയാണ് നടി ശ്വേതാ മേനോന്‍.
  ശ്വേതയുടെ ഗര്‍ഭകാലമാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നാളുകള്‍ കഴിയുമ്പോള്‍ മുംബൈയിലെ ആശുപത്രിയില്‍ ശ്വേത പ്രസവിക്കും. ലേബര്‍റൂമില്‍ സിനിമയുടെ കാമറയുണ്ടാകും. സ്ത്രീ മാതാവായി പരിണമിക്കുമ്പോള്‍ അനുഭവിക്കുന്ന വേദനയും സന്തോഷവും എല്ലാം ഒറിജിനലായി ചിത്രീകരിക്കാന്‍ വേണ്ടിയാണിത്.
ശ്വേതയുടെ കുഞ്ഞും ജനിച്ച നിമിഷം മുതല്‍ സിനിമയുടെ ഭാഗമാകും. ‘കളിമണ്ണ് ‘കുഞ്ഞു വളരുന്നതിനൊപ്പം വീണ്ടും പുരോഗമിക്കും. മുന്‍കൂട്ടി തീരുമാനിച്ചതാണെങ്കിലും തിരക്കഥയില്‍ തിരുത്തലുകളോടെയാണ് ‘കളിമണ്ണ്’ ബ്ലസി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഒരു സംവിധായകനെന്ന നിലയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെങ്കിലും ബ്ലസി ഒരു വെല്ലുവിളിയായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാതൃത്വത്തിന്റെ മഹത്വം പുതിയ തലമുറ മറന്നു പോയിരിക്കുന്നു. അത് ഓര്‍മ്മപ്പെടുത്താനാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ബ്ലസി പറഞ്ഞു. ഗര്‍ഭകാലത്തും സിനിമയില്‍ അഭിനയിക്കണമെന്ന് ശ്വേതയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് പുതിയ പ്രമേയവുമായി ബ്ലസി സമീപിച്ചത്. ശ്വേതയുടെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ചിത്രീകരണം.
‘ക്ഷീണിതയാണെങ്കിലും വല്ലാത്ത ഒരു ത്രില്‍ ഇപ്പോഴുണ്ട്. അമ്മയാകുന്നതിന്റെ ത്രില്ലു തന്നെയാണ് പ്രധാനം. ഈ വേളയിലും അഭിനയിക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നു. മാതൃത്വത്തിന്റെ നന്മയുടെ സന്ദേശമാണ് ചിത്രം നല്‍കുന്നത്…’ ശ്വേത പറഞ്ഞു.
അച്ഛനാകാന്‍പോകുന്നതിന്റെ ത്രില്ലൊക്കെ ഉണ്ടെങ്കിലും ടെന്‍ഷനിലാണ് ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍. ‘ ശ്വേതയ്ക്കു നല്ല ക്ഷീണമുണ്ട് ‘ ഇന്നലെ മുംബയിലെ ക്ലിനിക്കില്‍ ഭാര്യയെ ഗര്‍ഭകാല പരിശോധനയ്ക്കായി എത്തിച്ചതിനു ശേഷം ശ്രീവത്സന്‍ മേനോന്‍ പറഞ്ഞു.
ബിജുമേനോനാണ് ചിത്രത്തിലെ നായകന്‍. ഒ. എന്‍. വി. കുറുപ്പ് രചിച്ച ഗാനങ്ങള്‍ക്ക് ഈണമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. തോമസ് തിരുവല്ലയാണ് ‘കളിമണ്ണ്’ നിര്‍മ്മിക്കുന്നത്.

No comments:

Post a Comment